27 ഡിസംബർ 2014

" ചേച്ചി പലപ്പോഴും അങ്ങനെയാണ്.... "


പലപ്പോഴും അമ്മ എന്നാ രണ്ടക്ഷരത്തിന് മുന്നിൽ നിഷ്പ്രഭമായി പോകാറുണ്ട് അമ്മയോളം
തന്നെ കരുതൽ പകർന്നു നൽകി എപ്പോഴും കുടെ നടക്കുവാനുഷ്ടപ്പെടാറുള്ള മറ്റൊരു സ്ത്രീജന്മം...........
പലപ്പോഴും ഓർമ്മിക്കപെടാതെ നമ്മൾ വിട്ടുകളയുന്ന നമ്മുടെ ആദ്യത്തെ കളികൂട്ടുകാരി...
- ചേച്ചി
 മറ്റ് പലരെയും പോലെ ഞാനൊരിക്കലും ചേച്ചിയെ ബഹുമാനത്തിന്റേതെന്ന്  കരുതപ്പെടുന്ന
ചേച്ചി, ഏടത്തി, തുടങ്ങിയ ഒരു വാക്കുകളൊന്നും ഉപയോഗിച്ച് വിളിച്ചിട്ടില്ല. അതൊരിക്കലും ബഹുമാനത്തിന്റെയോ   സ്നേഹത്തിന്റെയോ കുറവായിരുന്നില്ല, മറിച്ച്  ചേച്ചിയുടെ ഒരു ഇഷ്ടത്തിന് ഞാൻ നല്കിയ അംഗീകാരമായിരുന്നു.
ഒരു വൈകുന്നേരം പുഴയിലെ കുളി കഴിഞ്ഞ് വരുംമ്പോഴായിരുന്നു ചേച്ചി പറഞ്ഞത് , രണ്ട് കൂട്ടുകാർ എപ്പോഴും പേരാണ് വിളിക്കേണ്ടത് .......!!!!!!!
അല്ലാതെ ചേച്ചി എന്നല്ല , നീ ഇനി മുതലെന്നെ പേരുവിളിച്ചാൽ മതി.
എനിക്ക് മറുപടിക്കായി  അധികം ആലോചിക്കാനില്ലായിരുന്നു
"അമ്മയുടെ കയ്യിൽ  നിന്ന്  ചീത്ത കേൾക്കും  ........"
അതിഷ്ടമായില്ലെന്ന്  മുഖഭാവം വിളിച്ചുപറഞ്ഞു.
ആ സന്ധ്യ മുതലിന്നുവരെ മൂന്ന് വയസ് മുതിർന്ന  ചേച്ചിയെനിക്ക്  വൃന്ദ എന്ന  പേരിലൊതുങ്ങി.
ഒരു പേരിനിപ്പുറം നന്മയുടെയും സ്നേഹത്തിന്റെയും കടലിരമ്പുന്നത്  അറിയുന്ന ദിവസങ്ങളായിരുന്നു കുട്ടികാലത്ത് മുഴുവൻ .......
പതുക്കെ പതുക്കെ മറ്റ് കൂട്ടുകാരിലേക്ക് ജീവിതത്തിന്റെ ഒഴുക്ക് മാറുമ്പോഴും ഈ സൌഹൃദം വിടാതെ മുറുകെ പിടിച്ചിരുന്നു. അതിന് സാധിച്ചത് ഇടക്കിടക്ക് വഴക്കിടുവാൻ ഞങ്ങൾക്കിടയിൽ കിട്ടിയിരുന്ന അവസരങ്ങൾ തന്നെ ആയിരിക്കും ..
ബി.ടെക് മാർക്ക് ലിസ്റ്റിൽ ആദ്യമായി തോൽവികൾ വിരുന്നെത്തിയപ്പോഴും ആദ്യം തിരഞ്ഞത്
ചേച്ചിയുടെ നിഴലിനെ ആയിരുന്നു. ചുട്ടുപൊള്ളുന്ന യാഥാർദ്യങ്ങളുടെ വെയിലിനെ തടുക്കുവാൻ ചേച്ചിക്കേ സാധിക്കൂ എന്ന സത്യം ഈ രണ്ട് പതിറ്റാണ്ടിനിടയിലെന്നോ മനസ്സിൽ പതിഞ്ഞു പോയിരുന്നു. അത് സത്യവുമായിരുന്നു......


" പ്രൊഫഷണൽ  കോഴ്സുകളിൽ അങ്ങനെ ചിലപ്പോൾ സംഭവിച്ച്ചെന്നിരിക്കും , അതിത്ര വലിയ കാര്യമാക്കാനൊന്നുമില്ല , അവനെഴുതി എടുത്തോളും" 

ചേച്ചി ചേച്ചിയുടെ ബി.ടെക് ജിവിതത്തിനിടയിൽ കണ്ടെത്തിയ (?) അതിനെ സാധൂകരിക്കാനുള്ള കുറെ ന്യായങ്ങളിലൂടെ വീട്ടിലെ ഉയർന്നടിക്കാമായിരുന്ന തിരകളെയെല്ലാം തടഞ്ഞുനിർത്തി , എന്റെ സ്വാതന്ത്രങ്ങൾക്ക് സംഭവിക്കപെടുമായിരുന്ന അടിയന്തരാവസ്ഥയെയും......
പലപ്പോഴും ചേച്ചി അങ്ങനെയൊക്കെ അത്ഭുതപ്പെടുത്തും ,
.പുഴയിലെ അതി കാലത്തെ തണുപ്പിനോട് പ്ലാവിലകള്‍ കൂട്ടിയിട്ട് കത്തിച്ച് യുദ്ധം ചെയ്യുവാൻ  സജ്ജമാക്കിയിരുന്ന നേതാവിൽ  നിന്ന്....
ഇനി ചേച്ചിയെന്ന് വിളിക്കരുരുത്, പേരു വിളിച്ചാൽ  മതിയെന്ന് പറഞ്ഞ ദേഷ്യക്കാരിയിൽ  നിന്ന്....
ഓരോ തളർച്ചകളിലും ദു:ഖം ചെറു ചിരിയാക്കിമാറ്റി കുടെ നിന്നിരുന്ന ആത്മ വിശ്വാസത്തിൽ നിന്ന് ...
തെറ്റ് ചെയ്‌താൽ കളിക്കുമ്പോൾ കൂടെ കൂട്ടാതിരിക്കുന്ന നന്മയുള്ള വഴക്കാളിയിൽ നിന്ന് ...
വേദനയും ചിന്താഭാരവും മുഖഭാവത്തിൽ നിറഞ്ഞപ്പോഴൊക്കെ ഏകാന്തതയിലെ  വീർപ്പുമുട്ടലിനെ തോൽപിക്കാറുള്ള സ്വാന്തനത്തിൽ നിന്ന് ...
ബൈക്കിന്റെ ലൂസായ വലത്തേപിടി ആവശ്യത്തിലധികം മുറുക്കുന്നു എന്ന്  തോന്നുമ്പോൾ പുറകിലിരുന്ന് തോളിലെ കൈ പതുക്കെ അമർത്താറുള്ള കരുതലിൽ നിന്ന് ....
മറ്റെന്തൊക്കെയോ ആയി അങ്ങ്  മാറികളയും , ഇനിയും ഈ  അനിയന് മനസിലാക്കാനാകാത്ത എന്തൊക്കെയോ......
എന്റെ ജീവിതത്തിലെ ഇനിയും എഴുതപ്പെടെണ്ട എത്ര നിമിഷങ്ങൾക്കായിരിക്കും പ്രിയപ്പെട്ട കൂട്ടുകാരി ഇനി നിറം പകർത്തുക,
 അത് അങ്ങനെയാണല്ലോ ചില അപ്രതീക്ഷിത നിമിഷങ്ങളാണ്  
ജീവിതം .....!!!!!

09 നവംബർ 2013

അടയാളങ്ങൾ

നീ വന്നുപോകും മുമ്പ് എനിക്ക്                                  
പുകമണമില്ലാത്ത , വിപ്ലവം തുപ്പിയിരുന്ന
വാക്കുകൾ ഉണ്ടായിരുന്നു ...........

ഏകാന്തത നിറയുംമ്പോൾ മദ്യത്തിലും
ആർത്തിയോടെ അക്ഷരങ്ങളെ വിഴുങ്ങിയ
പകലുകൾ ഉണ്ടായിരുന്നു .....

ഭ്രാന്തെടുക്കുന്ന മ്യൂസിക്കുകൾ ഇല്ലാതെ
ടേബിളിലെ ബുക്കുകൾക്ക് മുകളിൽ
മൊബൈൽ വിശ്രമിക്കാറുമുണ്ടായിരുന്നു... ..

റൗച്ചിനുവേണ്ടി കടിച്ചുതുപ്പിയ പഞ്ഞിയെക്കാൾ
ചെറു കവിതകൾ കോറിയിട്ട പേപ്പറുകൾ
മുറിയെ അലങ്കോലമാക്കാരുണ്ടായിരുന്നു.....

ഇടത് ഭാഗത്ത് കാണാതെപോയ ഹ്യദയത്തിന്റെ
സ്ഥാനത്ത് ഒരു ചുവന്ന നക്ഷത്രവും
എനിക്കായി കൂട്ടിരിക്കാറുണ്ടായിരുന്നു.......



18 ഓഗസ്റ്റ് 2013

നിറമില്ലാത്തവർ

ആഘോഷങ്ങൾക്കിടയിൽ  പതാക കണ്ടും സ്വാതന്ത്ര ഗീതങ്ങൾ കേട്ടും ഇന്ത്യ എന്ന വികാരം കത്തിജ്വലിച്ച് നിൽക്കുമ്പോൾ അധികമാരും ഞെട്ടൽ രേഖപ്പെടുത്താതെ ഒരു വാർത്ത പതുക്കെ മാഞ്ഞുപോകുകയാണ് .
അതിനു ഒരുപാട്  കാരണങ്ങളുണ്ടാകാം , എങ്കിലും ഒന്ന് മാത്രം മുഴച്ചു നില്ക്കുന്നു , ജീവൻ നഷ്ടപ്പെട്ടത് ഒരു ദളിതന്റെ ആണെന്നത് ...
സ്വാതന്ത്രത്തിന്റെ മനോഹരമായ ആകാശത്തിലേക്ക് ഇന്ത്യൻ ജനത ഉയിർത്തെഴുന്നേറ്റ്  ആരരപതിറ്റാണ്ട്  പിന്നിട്ടത് ആഘോഷിക്കുവാൻ  സ്വാതന്ത്രദിനത്തിൽ പതാക ഉയർത്തിയ ദളിതനെ കല്ലെറിഞ്ഞു  കൊന്നുവെന്ന് ......!!!!!
സംഭവത്തിൽ സ്ക്കുൾ കുട്ടികളടക്കം പലർക്കും പരിക്കേല്ക്കുകയും  വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. അക്രമികളാൽ ഒരു ഗർഭിണിക്ക് പരുക്കേല്ക്കുകയും ഉണ്ടായി . പോലീസിന്റെ സാന്നിധ്യം ഈ അക്രമം നടക്കുമ്പോൾ അവിടെ  ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ഭീകരം .ദേശീയതയുടെ പ്രതീകമായ പതാക ഉയർത്തിയതിന് ആണ്  ഇത്രയും സംഭവിച്ചതെന്ന് മനസിലാക്കുമ്പോൾ ആണ്  ദളിതൻ  ഇന്നും അനുഭവിക്കുന്ന അവഗണനയുടെ ആഴം മനസിലാകൂ. സവർണ്ണന്റെ എച്ചിലിലയിൽ കിടന്നുരുളുന്ന താഴ്ന്നവന്റെ മിഥ്യാ ബോധാതലങ്ങളാണ് മാറേണ്ടതെന്ന പതിവ് പല്ലവിയിലും അപ്പുറം ചില വേലിക്കെട്ടുകൾ അറിഞ്ഞോ അറിയാതെയോ  അവർക്കായി എല്ലായിടത്തും  കരുതി വച്ചിട്ടുണ്ട് .
ഇന്നും നടക്കുവാനാകാത്ത വിധം കൊട്ടിയടച്ച വഴികളും പ്രവേശനം നിക്ഷേധിക്കപ്പെട്ട ക്ഷേത്രങ്ങളും ചെരുപ്പ് ഇടുവാനനുവധിക്കാത്ത ഗ്രാമങ്ങളും എല്ലാം ചേർന്ന്  ഒരു വിഭാഗത്തെ എങ്ങനെയെല്ലാം ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു എന്ന്  നമുക്ക് കാണിച്ചു തരുന്നു .
അവർണ്ണന്റെ ഉന്നമനത്തിനായി ചിലവാക്കിയ കോടി കണക്കുകളാണ് ഇവക്കുള്ള മറുപടിയെങ്കിൽ ആ കോടികൾ തലയെണ്ണി വീതിച്ചു നൽകിയിരുന്നെങ്കിൽ ഓരോരുത്തരും സമ്പന്നരായേനെ എന്നതാണ്  യാഥാർത്ഥ്യം.
 ഇവയെല്ലാം വടക്കൻ സംസ്ഥാനങ്ങളിലെ സംഭവമെന്ന് ഉറ്റം കൊള്ളും മുമ്പ്   താഴ്ന്ന ജാതിക്കാരനായ മേലുദ്യോഗസ്തൻ പിരിഞ്ഞു പോയാൽ അവിടെ ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുന്ന , ജീവിത പങ്കാളി ദളിതനായത് കൊണ്ട് മാത്രം ജിവിതത്തിൽ നിന്ന് അഛനെയും ജീവിത പങ്കാളിയെയും നഷ്ടപ്പെട്ട ദിവ്യയുടെയും നമുക്ക് മുന്നിലുള്ള അനുഭവങ്ങൾ മറവിയിലേക്ക് തള്ളിയിടാതിരിക്കുക .

ഇവിടെ ആശയങ്ങൾക്ക്  നിറമുണ്ട്  ,
 പ്രത്യയ ശാസ്ത്രങ്ങൾ ക്ക് നിറമുണ്ട്  ,
പ്രണയത്തിന് പോലും നിറമുണ്ട്.....
 ഓരോ നിറങ്ങൾക്കും  രാഷ്ട്രിയവും ഉണ്ട് .....
അവയ്ക്കിടയിൽ ഞെരിഞ്ഞമർന്ന്  ദളിതന്റെ നിറം ഇല്ലാതായിരിക്കുന്നു .
അവൻ  ആറര പതിറ്റാണ്ടിനു  ഇപ്പുറവും
ഒരു നിറമില്ലാത്തവനാണ്.............

13 ജൂലൈ 2013

ഇലയനക്കങ്ങൾ

വീട്ടിലേക്ക് ഒന്ന് വരണമെന്നും പറഞ്ഞ് കൂട്ടുകാരന്റെ ഫോണ്‍ വന്നത് പെട്ടന്നായിരുന്നു .
ബൈക്കോടിക്കുമ്പോൾ മനസ് മുഴുവൻ അവന്റെ വാക്കുകളിലായിരുന്നു ,  
തമ്മിൽ കണ്ടിട്ട് മൂന്നാഴ്ചയാകുന്നു . അവസാനം പറഞ്ഞത്  എനിക്ക് അക്കാദമിക്കലായി കുറച്ച് കൂടെ ശ്രദ്ധിക്കണം എന്നോക്കെയായിരുന്നു.
പിന്നെ ഒരു നട്ടപ്പാതിരക്ക് വിളിച്ചിരുന്നു , കോളേജിൽ റോഡ്‌ എഴുതുന്നതും പറഞ്ഞ്  ആർ എസ് എസ് കാരുമായി അടി നടന്നു പോലീസ് കേസായി എന്നൊക്കെ പറയാനായിട്ട് .....
ഹെൽമറ്റും തൂക്കിപിടിച്ച് ഗെറ്റ് തുറന്ന് ഉമ്മറത്തെത്തുമ്പോൾ  അമ്മ അവിടെ തന്നെ ഉണ്ടായിരുന്നു .
" അവൻ രുമിലുണ്ട് "
ചെല്ലുമ്പോൾ പ്ലാസ്റ്ററിട്ട കാൽ കട്ടിലിൽ വച്ച് കസേരയിൽ ഇരുന്ന് എന്തോ വായിക്കുകയായിരുന്നു .

"എന്ത് പറ്റിയെടാ , അവിടെ പിന്നെയും പ്രശ്നങ്ങളുണ്ടായോ ?? "

"ഏയ് ഒന്ന് വീണു , വിരലിനു പൊട്ടലുണ്ട്
ഒരാഴ്ച റെസ്റ്റ് , കാൽ ഇളക്കരുത് ."

ഒരാഴ്ച ഇനി കോളേജിൽ പോകേണ്ടല്ലോ അല്ലെ എന്നാ എന്റെ ചോദ്യത്തിന്  അവൻ ചെറുതായൊന്നു ചിരിച്ചു . പിന്നെ പറഞ്ഞു , എന്ത് വന്നാലും തിങ്കളാഴ്ച എനിക്ക് പോയേ പറ്റു . അതിനും കുടിയാണ്  നിന്നോടു വരാൻ പറഞ്ഞേ...

"അതെന്താ അന്ന് ? നിനക്ക് കണ്ടനേഷൻ ബാക്കിയില്ലേ ? "

"ഉണ്ട് പക്ഷേ ലാബ് ഉണ്ടടാ "

"അത് പിന്നെ ചെയ്യാലോ , വയ്യാത്ത കാലും വച്ച് കുന്നംകുളം വരേ പോണ്ടേ ? "

"അതല്ല . അവൾക്ക്  ഈ  സെമ്മിൽ ഏറ്റവും ടെഫ് ഈ ലാബ് ആണ് .
ഞാൻ ചെന്നില്ലേൽ ...... അവൾക്കത് ഒറ്റക്ക്  ചെയ്യാൻ സാധിക്കില്ലടാ ....... "
അപ്പോൾ അതാണ്‌ സംഭവം.  അടുത്തടുത്ത നമ്പരുകൾ ആയത്കൊണ്ട്  ലാബിൽ അവർ  രണ്ടുപേരുമാണ് ഗ്രൂപ്പ് .അവളെന്ന് പറഞ്ഞാൽ അവന്റെ വണ്‍സൈഡ് ലവ്......
..അവൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു......
ലാബിലെ ചൂടൻ സാറിനെ  കുറിച്ച് , അങ്ങേരുടെ ശബ്ദമുയർന്നാൽ കൈ വിറച്ച് പേന പിടിക്കാൻ പോലുമാകാതെ പോകുന്ന അവളെകുറിച്ച് ,
ഇത്ര നാളും തന്നെ ക്യാമ്പസിൽ തന്നെ തളച്ചിട്ട് കണ്ടനേഷൻ ഇല്ലാതെ കാത്ത അവളുടെ കണ്ണുകളെ കുറിച്ച് ........ 
 അവൾ നാളെ വരുന്നത് എന്നെ പ്രതീക്ഷിച്ചായിരിക്കും , അവിടെ ഒറ്റക്ക് അവൾ എന്ത് ചെയ്യാനാണ് , ചുമ്മാ സാറിന്റെ വായിൽ നിന്ന് ചീത്ത കേട്ട് മടുക്കും . 
എനിക്ക് പോയേ തീരു ..........
ഈ പ്രണയമാണ് അവനും കൂട്ടുകാരും കുടെ ലഹരിയുടെ നിറമുള്ള പുണ്യതീർത്ഥത്തിൽ മുക്കിയെടുത്ത് ഓരോ ശ്വാസത്തിലും ആളികത്തിയിരുന്ന ചിതയിലിട്ട് കത്തിച്ചുവെന്ന് മുമ്പ്  വീരവാദം മുഴക്കിയത് . എന്നിട്ട് ഇപ്പോൾ ...
" നിനക്കെന്താ വട്ടാണോ ? കാലൊടിഞ്ഞതോടെ നിന്റെ ബുദ്ധി പോയോ ??
വെറും രണ്ട് ഹവറിനു വേണ്ടി അത്രയും ദൂരം പോയി തിരിച്ചു വരാൻ...........???
അന്നത്തെ ഇഷ്യൂസ് ഒന്നും അവൾ മറ ന്നിട്ടുണ്ടാകില്ല ,
അവളൊരു എ ബി വി പി കാരിയാണെന്ന് മറക്കണ്ടാ ..."
ദേഷ്യം കൊണ്ട് എന്തൊക്കെയോ പറഞ്ഞു 

അവനപ്പോഴും ശാന്തനായിരുന്നു .....

" നീ പറഞ്ഞതൊക്കെ ശരിയായിരിക്കാം അവൾക്ക് എന്നെ അംഗീകരിക്കാനാവില്ലായിരിക്കും പക്ഷെ അവളുടെ സന്തോഷം അത്  ഒരിക്കൽ ഞാനവൾക്ക് ഉറപ്പ് കൊടുത്തതാണ് . അത് എന്നും അങ്ങനെ ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് . . .  "
 അവനു ക്ലാസിൽ പോകവാൻ കാർ ഏർപ്പാടാക്കി തിരിച്ച് വരുംമ്പോൾ ആലോചിച്ചത്  അവസാനം എന്നോട് പറഞ്ഞ   വാക്കുകളായിരുന്നു'
" സഖാവേ  നേടിയെടുക്കുന്നത്  മാത്രമല്ലല്ലോ പ്രണയത്തിന്റെ ആഴം ,മൈതാനത്തെ ആരവങ്ങളെക്കാളും പുസ്തകത്തിന്റെ ലോകത്തെക്കാളും എന്നെ ഞാൻ കാണുന്നത് പ്രണയാഭ്യർത്ഥന നടത്തിയതിൽ പിന്നെ മിണ്ടിയിട്ടില്ലെങ്കിലും പലപ്പോഴും അവളുടെ മുഖത്ത് നിറയാറുള്ള പുഞ്ചിരിയിലാണ് .... "
ശരിയാണ് ഇത്തരം ചില ഇലയനക്കങ്ങളാണല്ലോ ഭൂമി ഇന്നും ശ്വസിക്കുന്നുണ്ടെന്ന് , ജീവനോടെ  ഉണ്ടന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നത്............!!!!!!!!!!!!

28 ജൂൺ 2013

പുളിമരം



ചാണക കുഴിയുടെ അരികെ നിന്നിട്ടും
നീ ശൈശവത്തിൽ തന്നെ നിന്നത്
വളരുവാനുള്ള മടിയായിരുന്നോ അതോ
എനിക്ക് അച്ചടക്കത്തിന്റെ പാഠങ്ങൾ
പകരുവാനായി ചില്ല മുറിച്ചെടുത്തിരുന്ന
അമ്മയോടുള്ള പിണക്കമോ.....????
ഇന്നും ഉത്തരമില്ലാത്ത സംശയം


07 ജൂൺ 2013

ഓരോ മഴയും തോരാതെ വയ്യാ......



അങ്ങനെ ഒരു പരീക്ഷ കഴിഞ്ഞു , പെട്ടന്ന് വീട്ടിലെത്തണമെന്ന് ആഗ്രഹം തോന്നാൻ വിശപ്പ് മാത്രമല്ല ഉച്ചക്ക് ഓണ്‍ലൈനിൽ അവളുണ്ടാകുമെന്ന പ്രതീക്ഷയും കാരണമായിരുന്നു . അപ്പോഴാണു ഏറ്റവും വലിയ രസം , നമ്മുടെ വാഹനത്തിന്റെ മുതലാളി ഇപ്പോൾ തന്നെ വീട്ടിലെക്കില്ലെന്ന് ......!!!
ഇല്ലേൽ അവളെങ്ങാനും ബസ് സ്റ്റോപ്പിലുണ്ടാകുംമ്പോഴവന്റെ തിരക്ക് കണ്ടാൽ അവന്റെ അക്കരത്തെ അമ്മായി കാത്തിരിക്കുന്നുണ്ടെന്ന് തോന്നും , ജാഡ തെണ്ടി ...
. #$%&*&*&%#%#!
ഉള്ളിൽ തോന്നിയത് നല്ല ശ്രേഷ്ടഭാഷയാണെങ്കിലും പുറത്തേക്ക് വന്നത് മറ്റൊന്നാണ് ,

" അളിയാ നമുക്ക് താഴത്ത് നിന്ന് ഓരോ Mr സോഡ കുടിക്കാം....? "

-  കൈക്കൂലി   -

ഇരുപത് രൂപാ പോയെങ്കിലും കാര്യം നടന്നു വീട്ടിലെത്തി .
പക്ഷേ ഓണ്‍ ലൈനിലവളെ കണ്ടില്ല , അന്ന്  ആ പച്ച തെളിഞ്ഞതെയില്ല .
ഇടക്ക് അടുക്കും ചിട്ടയും ഇല്ലാതെയാനെങ്കിലും എന്തൊക്കെയോ പഠിച്ചു , കിടക്കും മുമ്പ് തീരുമാനത്തിലെത്തി.
       നാളെ ലൈബ്രറിയിൽ പോയിരുന്നു പഠിച്ചു എല്ലാം തലകുത്തനെ മറിക്കണം ...
പിറ്റെന്ന് ഉച്ചവരെ  ഇരുന്നു പഠിച്ചത്  കൊണ്ടാണെന്ന് തോന്നുന്നു ഫോണ്‍  നേരെയാക്കാൻ പോകുന്ന കൂട്ടുകാരനെ യാത്രയാക്കാൻ പുറത്തിറങ്ങിയപ്പോൾ വിശപ്പ് ബഹളം
ഉണ്ടാക്കിതുടങ്ങിയിരുന്നു (കാശില്ലേലും )...
കണ്ണടചില്ലിൽ ചെറു ചിത്രങ്ങൾ നെയ്ത് ചെറുതായിട്ട് പെയ്ത  മഴചാറുന്നുണ്ടായിരുന്നു ... ആഗ്രഹമില്ലാഞ്ഞിട്ടും അത് മായ്ച്ച്
തിരക്കില്ലാത്തത് കൊണ്ട് ഒരു പാതി മാത്രം  തുറന്നിരുന്ന കോളേജ് ഗേറ്റിന്റെ അരികിലെത്തി. തൊട്ട് മുന്നിൽ അവൾ , പരിവാരങ്ങളില്ലാതെ ആദ്യമായിട്ടാണ് അവളെ കോളേജിൽ വച്ച് കാണുന്നത് .  ചെറു ചിരി - അതെ അവളുതന്നെ...!!!!
സാധാരണ മുള്ളിൽ ചവിട്ടിയ പോലെയാണ് നിൽക്കാറുള്ളത് , അത്ര തിരക്കാണ് ....!!!
അന്ന് അവൾ മഴ ആസ്വദിച്ചിരുന്നോ എന്നെനിക്ക് അറിയില്ല , പക്ഷേ പതുക്കെയാണ് അവളെന്റെ അടുത്തേക്ക് വന്നത് ....
 

 ചെറിയ മഴ                       

അവൾ 

ഞാൻ 

പടച്ചോനേ ......
ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ നിന്നുപോയി .
ചിന്തകളിൽ നിന്ന് ഉണർന്നത് പെട്ടന്നായിരുന്നു .
 ഞാൻ  :

" എന്തുപറ്റി  കുട എടുത്തില്ലേ...... ??? "

"ഇല്ല മറന്നു.... "

കുടുതൽ  ചോദിക്കുവാനോ പറയുവാനോ ഞങ്ങൾക്കിടയിൽ ഒന്നും അവശേഷിച്ചിട്ടില്ലായിരുന്നു.
ചിരി മാഞ്ഞിട്ടില്ലാത്ത മുഖവുമായി പതുക്കെ എന്നെയും കടന്നു അവൾ പോയി. അക്ഷരകൂട്ടങ്ങളിലെക്ക് ഊളിയിടുവാനുറച്ച്  ഞാനും .

ക്ലൈമാക്സ് : 
         1. ഇനിമുതൽ ബൈക്കിൽ കൊണ്ടുപൊകില്ലെന്ന് ബൈക്കുമുതലാളി അറിയിച്ചു,
             വിത്ത് എ ന്യൂ    ജനറേഷൻ മെസേജ് ....        
         2. ഇത് എഴുതിയത് ആദ്യം വായിക്കുവായി കൊടുത്തത് അവള്‍ക്ക് 
            തന്നെയായിരുന്നു,വായിച്ചു കഴിഞ്ഞപ്പോള്‍ അവളെന്നോട് ആദ്യം ചോദിച്ചത് 
            അവളുടെ കയ്യിൽ കുടയില്ലായിരുന്നുവെന്ന് ആരാണ് പറഞ്ഞത് 
            എന്നായിരുന്നു.....?!?! ചാറ്റല്‍ മഴ മാത്രമല്ലേ ഉണ്ടായിരുന്നൊള്ളൂ, 
           അതുകൊണ്ടാണ് ബാഗിൽ നിന്ന് എടുക്കാത്തതായിരുന്നെന്ന് ....
        3. ഇനി അവൾക്കും എനിക്കുമിടയിൽ എന്തായിരുന്നെന്നതിന് , എനിക്കൊരു
            പ്രണയമുണ്ടായിരുന്നു, അവള്‍ക്കൊരു കാമുകനും...

ആദ്യത്തെ രണ്ടെണ്ണം ഇത്  എഴുതിയിട്ട് അൽപ സമയത്തിനുള്ളിൽ നടന്നതാണ് , അവസാനത്തെ അറിവിന്  അല്പം പഴക്കമുണ്ട്  

13 മേയ് 2013

പറയാതെ പറഞ്ഞത്

                                 

തറവാട്ടിലെത്തിയപ്പോൾ
ആദ്യം തിരഞ്ഞത്
വേനലിൽ കെട്ടിയിരുന്ന
വടക്കേ അതിരിലെ 
മുള്ളിവേളിക്കിടയിൽ 
ചെറുചിരിയോടെ അഛാച്ചൻ 
വച്ചിരുന്ന ആ വടിയാണ്...
മഴയിലെ ആഹ്ലാദങ്ങൾക്കും 
നിളയിലെ സന്ധ്യകൾക്കും
വേനലൊരുക്കിയ പാടത്തെ 
ഉല്ലാസ  തിമിർപ്പുകൾക്കും നേരെ 
ചലനമില്ലാതിരിക്കുംമ്പോൾ
മഴയും മഞ്ഞും വെയിലുമേറ്റ് 
ദ്രവിച്ചു തുടങ്ങിയ  വടിയിൽ 
വീടൊരുക്കിയ ചിതലുകളും 
ആശ്വസിച്ചിട്ടുണ്ടാകും...
 വേലിപ്പടർപ്പ് കെട്ടിയ 
കൈയുകളിന്നില്ലെങ്കിലും 
തെറ്റ് ശരിയാകുംമ്പോൾ
 ഇന്നും ഓർത്ത്‌പോകാറുണ്ട്
മനസിലെവിടെയോ ചാരിവെച്ച് 
ഋതുഭേതങ്ങളൊകുംമ്പോഴും 
ചിതലെടുക്കാതെ പോയ 
സ്നേഹത്തിന്റെയും കരുതലിന്റെയും
ആ കൊച്ചു വടി കഷ്ണത്തെ....